വീട്ടിലെ ടോയ്ലറ്റുകള് പാമ്പ് കയറിക്കൂടാന്‍ സാധ്യതയുള്ള ഒരിടമാണ്. നനവും, കാര്യമായ ബഹളങ്ങളുമില്ലാത്ത സ്ഥലമായതിനാല്‍ തന്നെ പാമ്പുകള്ക്കിവിടെ സുഖവാസമായിരിക്കും. പലപ്പോഴും നമ്മളിത്തരത്തിലുള്ള വാര്‍ത്തകള്‍ കാണാറുമുണ്ട്.
എന്നാല്‍ സ്ഥിരമായി ടോയ്ലറ്റില് പാമ്പുകളെ കാണുന്ന ഒരവസ്ഥയുണ്ടായാലോ? ഓസ്ട്രേലിയയിലെ കെയിന്‍സിലുള്ള ഒരു കുടുംബം ഇപ്പോള്‍ അത്തരം ഒരു സാഹചര്യത്തിലാണ്. നിക്കോള്‍ എരേ എന്ന യുവതിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ രണ്ട് ദിവസം മുമ്പ് ടോയ്ലറ്റിനകത്ത് വച്ച് ഉഗ്രവിഷമുള്ള ഒരു പാമ്പിനെ കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ നിക്കോള്‍ തന്നെയാണ് വൈകീട്ട് ടോയ്ലറ്റിനകത്ത് പാമ്പിനെ കണ്ടത്. ടോയ്ലറ്റിനകത്ത് കറുത്ത് തടിച്ച എന്തോ ഒരു സാധനം കിടക്കുന്നതാണ് ഇവര്‍ ആദ്യം മനസിലാക്കിയത്. എന്താണെന്നറിയാന്‍ അടുത്ത് ചെന്നുനോക്കിയ അവര്‍ ഞെട്ടി. ആളനക്കം കേട്ട് പാമ്പ് തലപൊക്കി ചീറ്റിയതോടെ പേടിച്ചുമാറിയ നിക്കോള്‍ തുടര്‍ന്ന് പാമ്പുകളെ പിടികൂടുന്നവരെ ഫോണില്‍ വിളിച്ച് സഹായം തേടി.
ഇതിന് ശേഷം പിറ്റേ ദിവസം നിക്കോളിന്റെ സഹോദരിയും വീട്ടിലെ മറ്റൊരു ടോയ്ലറ്റിനകത്ത് ഇതേ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടു. അന്നും പാമ്പിനെ പിടിക്കുന്നവരുടെ സഹായം തന്നെ തേടി. വെള്ളത്തില്‍ ജീവിക്കുന്നയിനത്തില് പെട്ട പാമ്പുകളാണ് തുടര്‍ച്ചയായി വരുന്നതെന്ന് അവരാണ് നിക്കോളിനോട് പറഞ്ഞത്. അതിനാല്‍ ഇനിയും പാമ്പുകള്‍ വരാനും സാധ്യതയുണ്ടത്രേ.
Discussion about this post