ആരുടെയാണെങ്കിലും ജീവന്റെ വില ഒന്നുതന്നെയാണ് എന്ന തിരിച്ചറിവ് മലയാളികൾക്ക് എന്നുമുണ്ട്. പ്രളയകാലഘട്ടത്തിൽ മനുഷ്യ ജീവനെപോലെ തന്നെ മറ്റുജീവജാലങ്ങൾക്കും സംരക്ഷണം നൽകിയ നല്ലമനുഷ്യരുടെ അനുഭവങ്ങൾക്ക് മലയാളികൾ സാക്ഷിയാണ്. ഇപ്പോൾ കൊച്ചി നഗരവാസികളും അത്തരമൊരു സന്ദർഭത്തിന് സാക്ഷി ആയിരിക്കുന്നു.
ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയുംഇടപെടലിലൂടെ കൊച്ചി മെട്രോയുടെ പിയർ ക്യാപ്പിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രണ്ടു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുറത്തെത്തിച്ചു. . കഴിഞ്ഞ ആറ് ദിവസങ്ങളായി മെട്രോയുടെ പിയർ ക്യാപ്പിൽ കുടുങ്ങി കിടക്കുകയായിരുന്നു പൂച്ച.
ഉച്ചക്ക് ഒന്നരയോടെയാണ് പൂച്ചയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. പൂച്ചയെ പുറത്തെത്തിക്കാൻ ഫയർഫോഴ്സിനൊപ്പം നാട്ടുകാരും കൈ കോർത്തു.ക്രെയിനിൽ കയറി വല ഉപയോഗിച്ച് പൂച്ചയെ അതിനകത്താക്കാൻ ആയിരുന്നു ആദ്യശ്രമം. എന്നാൽ, പൂച്ച അകത്തേക്ക് കയറാൻ തയ്യാറാകാത്തതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പിയർ ക്യാപ്പിലേക്ക് കയറി. ഇരുവശങ്ങളിലും ഫയർഫോഴ്സ് നിലയുറപ്പിച്ചെങ്കിലും പൂച്ച പുറത്തിറങ്ങിയില്ല. കൂടുതൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ക്രെയിൻ വീണ്ടും ഉയർത്തി പൂച്ചയെ വലയിലാക്കാൻ നോക്കി. പൂച്ച താഴെ വീഴാതിരിക്കാൻ ഫയർഫോഴ്സ് കൊണ്ടുവന്ന വല നാട്ടുകാർ താഴെ വിരിച്ചിരുന്നു. ഇതിലേക്കാണ് പൂച്ച വീണത്. താഴെവീണ ഉടനെ റോഡിലൂടെ പൂച്ച ഓടിയെങ്കിലും നാട്ടുകാർ അതിനെ പിടികൂടി. അടുത്തുള്ള മൃഗാശുപത്രിയിലേക്ക് മാറ്റി.
750 വാട്സ് കടന്നുപോകുന്ന ലൈനിന് താഴെയായിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിന്നത്. സാഹസികമായി രണ്ട് മണിക്കൂർ എടുത്തായിരുന്നു രക്ഷാപ്രവർത്തനം. പൂച്ച മെട്രോയുടെ ട്രാക്കിലേക്ക് കയറാത്തതിനാൽ മെട്രോ സർവീസ് നിർത്തി വെയ്ക്കെണ്ടി വന്നില്ല. എന്നാൽ രക്ഷാപ്രവർത്തനത്തെ തുടർന്ന് വൈറ്റില റോഡിൽ ഏറെ ഗതാഗതക്കുരുക്ക് ഉണ്ടായി. പക്ഷെ ഏറെ സമയം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപോസ്റ്റുകൾ നിറയുകയാണ്.
Discussion about this post