മാഡ്രിഡ്: അമ്യൂസ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ കയറുമ്പോള്‍ പലപ്പോഴും കയ്യിലുള്ള മൊബൈല്‍ ഫോണും പേഴ്സുമൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും.
അത്തരമൊരു നിമിഷത്തെ അത്ഭുതകരമായ ഇടപെടലുകൊണ്ട് വൈറലായിരിക്കുകയാണ് ന്യൂസിലാന്റിലെ സാമുവല്‍ കെംപ്ഫ് എന്ന യുവാവ്. സ്പെയിനിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് താഴേക്ക് പതിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍കൊണ്ട് തന്നെ സാമുവല്‍ അത് കൈക്കലാക്കി. പറക്കുന്ന റോളര്‍ കോസ്റ്ററിലിരുന്ന് സാമുവല്‍ എങ്ങനെ ആ ഫോണ്‍ കണ്ടുവെന്നോ അത് കൈക്കലാക്കിയെന്നോ മനസിലാകാതെ അത്ഭുതപ്പെടുകയാണ് വീഡിയോ കണ്ടവരെല്ലാം.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നില്ലെങ്കില്‍ ഒരിക്കലും ആരുമിത് വിശ്വസിക്കില്ലായിരുന്നുവെന്ന് ഒരാള്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഫോണിന്റെ ഉടമയ്ക്ക് അപ്പോഴും അത് വിശ്വസിക്കാനായിരുന്നില്ലെന്നും അയാള്‍ തന്നെ സ്നേഹത്തോടെ ആലിംഗനം ചെയ്തുവെന്നും സാമുവല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post