പോലീസിന്‍റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്നുണ്ടായ പ്രതിബന്ധങ്ങള്‍ പോലും അവരുടെ മനസുകള്‍ തമ്മില്‍ ആഴത്തിലൂട്ടിയുറപ്പിച്ച പ്രണയ ബന്ധത്തെ തകര്‍ത്ത് എറിയാനായില്ല. അവസാനം ഡിക്സണ്‍ എന്ന മനുഷ്യന്‍റെ പ്രണയത്തിന് മുന്നില്‍ പോലീസ് പോലും തടസ്സം പറഞ്ഞില്ല. അത്രക്ക് അഗാധമായിരുന്നു ആ മനസുകള്‍ തമ്മിലുളള അഭേദ്യമായ ബന്ധം. നല്ല ഒരു പാട്ടുകാരനാണ് ഡിക്സണ്‍, ദെെവം ജനിച്ചപ്പോഴെ നല്‍കിയ വരദാനം. അതുമാത്രമല്ല ജീവിതത്തെ നേരിടാന്‍ ലഭിച്ച ഉറച്ച ഒരു മനസും ഡിക്സന് കെെമുതലായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി രക്ഷ സപെഷ്യൽ സ്കൂളിൽ സംഗീത അധ്യാപകനായി ജോലി നോക്കുന്ന വേളയിലാണ് ദെെവനിശ്ചയം പോലെ മീനുവിനെ കണ്ട് മുട്ടുന്നത്. ചേര്‍ത്തല കെവിഎം സ്പെഷ്യൽ സ്കൂളിലെ സ്പെഷ്യൽ എഡ്യുക്കേറ്ററാണ് മീനു മോൾ പ്രാക്ടിക്കൽ പരീക്ഷക്ക് ഡിപ്ലോമ വിദ്യാർഥികളുമായി രക്ഷ സ്കൂളിൽ എത്തിയപ്പോഴാണ് മീനു ഡിക്സനെ പരിചയപ്പെടുന്നത്. പിന്നീട് അത് പ്രണയമായി . 4 വര്‍ഷത്തെ പ്രണയ നിമിഷങ്ങള്‍ക്ക് ശേഷം മീനു ഇപ്പോള്‍ ഡിക്സന്‍റെ സ്വന്തമായിരിക്കുകയാണ്. ഫോർട്ട്കൊച്ചി സ്വദേശി ഡിക്സൺ ചെറുപ്പത്തിലെ മസിൽ സംബന്ധമായ അസുഖം മൂലം അരയ്ക്ക് താഴേക്ക് തളർന്ന യുവാവാണ്. മസ്ക്കുലർ ഡിസ്ട്രോഫി എന്ന അസുഖമാണ് ഈ ചെറുപ്പാക്കാരനെ ജീവിതത്തില്‍ ഒരു വെല്ലുവിളിയായത് . എന്നാല്‍ ആ പ്രതിബന്ധത്തെ സംഗീതം കൊണ്ട് തകര്‍ത്ത് എറിഞ്ഞിരിക്കുകയാണ് ഡിക്സണ്‍. ഒപ്പം ഡിക്സന്‍റെ മുന്നോട്ടുളള ജീവിതത്തിന് താങ്ങാകാനായി മീനുവും ഇപ്പോള്‍ ഡിക്സന്‍റെ അരികിലുണ്ട്.
Discussion about this post