ആസിഡ് പ്രയോഗത്തിൽ മുഖം വികൃതമായവരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് ഒരു സോഷ്യൽ പരീക്ഷണത്തിലൂടെ കാട്ടിത്തന്ന ദീപിക പദുകോണും സംഘവും വീണ്ടും മറ്റൊരു വീഡിയോയുമായി വന്നിരിക്കുന്നു. ഇന്ത്യയിൽ ആസിഡ് വിൽപ്പനയുടെ യഥാർത്ഥ ചിത്രം തുറന്നു കാട്ടുന്ന വീഡിയോയുമായാണ് സംഘം ഇക്കുറി എത്തിയിരിക്കുന്നത്.
വാങ്ങുന്നയാളിൽ നിന്ന് ഒരു തിരിച്ചറിയൽ രേഖ പോലും ആവശ്യമില്ലാതെ ചില കടയുടമകൾ തീർത്തും ലാഘവത്തോടെ ആസിഡ് വിൽക്കുന്ന രംഗങ്ങൾ ഇവർ നടത്തിയ സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയിൽ കാണാൻ സാധിക്കുന്നു.
ഒന്നിലധികം അഭിനേതാക്കൾ മുംബൈയിലെ ഒന്നിലധികം കടകളിൽ ആസിഡ് വാങ്ങാനെന്ന വ്യാജേന മുന്നിട്ടിറങ്ങി. പ്ലംബർ, ബിസിനസുകാരൻ, വിദ്യാർത്ഥി, കുടിയൻ, വീട്ടമ്മ, തെരുവ് ഗുണ്ട എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തി അവർ ഇറങ്ങിത്തിരിച്ചു. ഇവർ പ്രാദേശിക പലചരക്ക്, ഹാർഡ്‌വെയർ സ്റ്റോറുകളിൽ ആസിഡ് ചോദിക്കുമ്പോൾ, ദീപിക തന്റെ കാറിൽ നിന്ന് ഇവരെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. രണ്ട് ക്യാമറമാൻമാരും മറ്റ് ടീം അംഗങ്ങളും കാറിൽ ഇവരെ പിന്തുടർന്നു.
‘തൊലി പൊളിക്കാൻ കഴിയുന്ന’ ഏറ്റവും ശക്തമായ ആസിഡ് വേണമെന്ന് പല അഭിനേതാക്കളും കടയുടമകളോട് ചോദിച്ചു. പല കടയുടമകളും വാങ്ങുന്നയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ലെങ്കിലും, ഒരാൾ മാത്രം ആസിഡ് വിൽക്കുന്നതിന് മുമ്പ് വാങ്ങുന്നയാളുടെ തിരിച്ചറിയൽ രേഖ ചോദിച്ചു. ഐഡി ഇല്ലാതെ വിൽപ്പന നടത്താൻ ഉപഭോക്താവ് ആവശ്യപ്പെട്ടെങ്കിലും കടയുടമ സമ്മതിച്ചില്ല.
വാങ്ങുന്നവർ ആരുടെയെങ്കിലും മുഖത്തേക്ക് ഒഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും ചില വിൽപ്പനക്കാർ ചോദിച്ചു, പക്ഷേ വിൽപ്പന നടത്തുന്നതിൽ നിന്ന് അതവരെ തടഞ്ഞില്ല.
ഒരു ദിവസം കൊണ്ട് 24 കുപ്പി ആസിഡ് വാങ്ങാൻ ടീമിന് കഴിഞ്ഞുവെന്ന് വീഡിയോയുടെ അവസാനം ദീപിക വെളിപ്പെടുത്തുന്നു. ആസിഡ് വിൽപ്പന സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത് അരങ്ങേറിയത്.
വാങ്ങുന്നയാൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം, ഒരു തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ് എന്നിവ ഹാജരാക്കണം, വിൽപ്പനക്കാരന് ആസിഡ് വിൽക്കാൻ ലൈസൻസ് ഉണ്ടായിരിക്കണം, വിൽപ്പന പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്നിങ്ങനെയാണ് നിയമാവലിയിൽ പറയുന്നത്. വീഡിയോയുടെ അവസാനം ഇതും കൃത്യമായ് പറഞ്ഞുപോകുന്നു.
Discussion about this post