തിളങ്ങുന്ന ശരീരമുള്ള പല ജീവികളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ തവളകളും ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം തൊലിപ്പുറമേ തിളക്കമുള്ള തവളകളായിരുന്നു. എന്നാല്‍ ഓറഞ്ച് നിറമുള്ള ശരീരത്തില്‍ തിളങ്ങുന്ന എല്ലുകളുള്ള തവളകളെയാണിപ്പോള്‍ ബ്രസീലിലെ അറ്റ്‌ലാന്റിക് വനമേഖലയില്‍ നിന്നും കണ്ടെത്തിയത്.
മത്തങ്ങാ തവളകള്‍ എന്നര്‍ഥം വരുന്ന പംപ്കിന്‍ ടോഡ്ലറ്റ് എന്ന പേരാണ് ഈ കുഞ്ഞന്‍ തവളകള്‍ക്കു നല്‍കിയിരിക്കുന്നത്. ഇവയുടെ ഓറഞ്ച് നിറമാണ് ഈ പേരു ലഭിക്കാന്‍ കാരണം. തവളകളുടെ ശരീരത്തിലെ തലയോട്ടിയിലും നട്ടെല്ലിലുമുള്ള ഫ്‌ലൂറസെന്റ് വസ്തുക്കളാണ് അവയുടെ എല്ലുകള്‍ക്ക് തിളക്കം നല്‍കുന്നത്. ഫ്‌ലൂറസെന്റിന്റെ അംശം ശക്തിയുള്ളതായതു കൊണ്ടാണ് സാധാരണ തവളകളുടേതു പോലെ കട്ടിയുള്ള തൊലിയുണ്ടായിട്ടു പോലും ഇവയുടെ ശരീരം തിളങ്ങുന്നതായി തോന്നുന്നതെന്നും ഗവേഷകര്‍ പറയുന്നു.
മനുഷ്യന്റെ വിരലിലെ നഖത്തിന്റെ മാത്രം വലുപ്പമേ ഇക്കൂട്ടത്തിലെ ഒരു ശരാശരി തവളക്കുണ്ടാകൂ. 12 മുതല്‍ 20 മില്ലീമീറ്റര്‍ വരെ വലുപ്പത്തിലാണ് ഇക്കൂട്ടത്തിലെ പൂര്‍ണവളര്‍ച്ചയെത്തിയ തവളകള്‍ കാണപ്പെടുന്നത്. ഈ തവളകളുടെ തിളക്കം മനുഷ്യര്‍ക്ക് പക്ഷേ നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാനാകില്ല. അള്‍ട്രാവയലറ്റ് ലാംപിന്റെ സഹായത്തോടെയാണ് ഗവേഷകര്‍ ഈ തവളയുടെ തിളക്കം കണ്ടെത്തിയത്.അതേസമയം പ്രകൃതിയിലെ മറ്റു പല ജീവികള്‍ക്കും ഇവ നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിച്ചേക്കുമെന്നാണു ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ഈ സുന്ദരന്‍ തവളയുടെ ഭംഗി കണ്ട് ഇതിനെ ഏതെങ്കിലും ജീവികള്‍ ഭക്ഷിച്ചാല്‍ മരണം സംഭവിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
Discussion about this post