ലോകത്തിലെ ഏറ്റവും ഭാരമേറിയ ബാലനായിരുന്നു ആര്യ പെർമാണ. ശരീരഭാരം കാരണം നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടിയ അവൻ വാർത്തകളിൽ നിറഞ്ഞുനിന്നു. പത്തു വയസ്സിൽ 190 കിലോ ഭാരമുണ്ടായിരുന്ന ഈ ഇന്തോനേഷ്യക്കാരന്.
പകൽസമയം മൊബൈലിൽ കളിക്കുകയും പൂളിലെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയുമായിരുന്നു അവന്റെ പ്രധാന ഹോബികൾ. ദിവസവും ഭക്ഷണം കഴിക്കുന്നത് അഞ്ചു നേരവും. കുറഞ്ഞ അളവിലല്ല, രണ്ടു മുതിർന്ന മനുഷ്യർക്ക് ഒരു ദിവസം മുഴുവൻ കഴിക്കുന്നതിനാവശ്യമായ ഭക്ഷണമാണ് ആര്യ ഒരൊറ്റ നേരം കഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യസ്ഥിതി വളരെ മോശമായി തുടങ്ങി.
മകന്റെ ജീവൻ പോലും അപകടത്തിലാകും എന്ന തിരിച്ചറിഞ്ഞ മാതാപിതാക്കൾ ചികിത്സയ്ക്കായി ആര്യയെ ജക്കാർത്തയിലെ ഒരു ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ മാത്രമായിരുന്നു ഏകവഴി. അതേസമയം അവന്റെ പ്രായം അവിടെ തടസ്സമായി. ആര്യയുടെ കാര്യത്തിൽ വ്യായാമവും ഡയറ്റും നടപ്പാവില്ല എന്ന മനസ്സിലായതോടെ ഡോക്ടർമാർ സകല റിസ്കും ഏറ്റെടുത്തു ശസ്ത്രക്രിയ നടത്തി.
2017 മെയ് മാസത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ 20 കിലോ ശരീരഭാരം കുറച്ചു. ഒപ്പം ആര്യയ്ക്ക് സ്പെഷ്യൽ ഡയറ്റും നിർദേശിച്ചു. പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കാനായിരുന്നു നിർദേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞശേഷം ഡയറ്റിലൂടെ അവൻ 16 കിലോ കൂടി കുറച്ചു. പിന്നീട് നൂറു കിലോയിൽ താഴെ ശരീരഭാരം നിർത്താനായി ശ്രമങ്ങൾ. ഡയറ്റ് തുടർന്നതോടെ 96 കിലോയായി ചുരുങ്ങി.
ഇപ്പോൾ ആര്യയ്ക്ക് എളുപ്പത്തിൽ നടക്കാനും ഓടാനും ഇപ്പോൾ കഴിയുന്നുണ്ട്. ഇനിയും ഭാരം കുറച്ച് ഫുട്ബോൾ താരമാകാനാണ് ആര്യയുടെ അടുത്ത ആഗ്രഹം.
Discussion about this post