തുമ്പിക്കൈയുയര്‍ത്തി താളത്തില്‍ ചെവിയാട്ടി മന്ദം മന്ദം നടന്നു വരുന്ന ഗജവീരന്. കണ്ടാല്‍ കൗതുകത്തിനുമപ്പുറം ആരും ഒന്നു ഭയക്കും. ആനകളൊക്കെ അല്‍പ്പം ധൈര്യശാലികളാണെന്നാണ് എല്ലാവരുടെയും വിചാരം. എന്നാല്‍ നാട്ടിലെ ഗജവീരന്മാര്ക്കൊക്കെ അപവാദമായിരിക്കുകയാണ് ഒരു ആന. ഒരു പാവം കുതിരയെ കണ്ട് ആന വിരണ്ടോടി. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണന് എന്ന ആനയാണ് വിരണ്ടത്.
ആന ഓടുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേര്‍ക്ക് വീണു പരുക്കുമേറ്റു. ആനയുടെ ഓട്ടത്തിനിടയില്‍ മുന്നില്‍ പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോര്‍ജ്ജ് ബാബു എന്നിവര്‍ക്കാണ് ഓടി മാറുന്നതിനിടെ വീണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലം മുക്ക് ക്ഷേത്രത്തില്‍ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു ഈ ആനയെ. കീഴായിക്കോണം പെട്രോള്‍ പമ്പിനടുത്തെത്തിയപ്പോള് സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാന്മാര് പറയുന്നത്. പിന്നീട് ആനയെ അനുനയിപ്പിച്ച് തളക്കുകായിരുന്നു.
Discussion about this post