40 കിലോയിലധികം ഭാരമുള്ള ആടിനെ മുഴുവനായി വിഴുങ്ങിയ പെരുമ്പാമ്പ് പിടിയിലായി. തെക്കുകിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലുള്ള ക്വാങ്ഷു ഗ്രാമത്തിലാണ് സംഭവം നടന്നത്. കര്‍ഷകനായ യാവോയുടെ ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ഈ വര്‍ഷം ആദ്യം മുതല്‍ പ്രദേശത്തുനിന്ന് ഇതുവരെ 20 ആടുകളെ കാണാതായിരുന്നു. കാണാതായ ആടിനെ തിരയുന്നതിനിടയില്‍ ഫാമിനു സമീപമുള്ള കുന്നിന് ചെരുവിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
നാലടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തുമ്പോള്‍ ഇതിന്റെ വയര്‍ അസാധാരണമായ രീതിയില്‍ വീര്‍ത്തിരുന്നു. അപ്പോള്‍ തന്നെ യാവോ ഉറപ്പിച്ചിരുന്നു കാണാതായ ആടിനെ പെരുമ്പാമ്പ് വിഴുങ്ങിയതാണെന്ന്. ഉടന്‍ തന്നെ ഇയാള്‍ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ഇവര്‍ പെരുമ്പാമ്പിന്റെ വാലില്‍ തട്ടിയും മറ്റും വിഴുങ്ങിയ ഇരയെ ഛര്‍ദ്ദിപ്പിച്ചു. ഏകദേശം ഒരു മണിക്കൂറോളമെടുത്താണ് പാമ്പ് വിഴുങ്ങിയ ആടിനെ ഛര്‍ദ്ദിച്ചത്. 40 കിലോയോളം വരുന്ന ആടിന്റെ പിന്‍കാലുകളാണ് ആദ്യം പാമ്പിന്റെ വായിലൂടെ പുറത്തു വന്നത്. പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആങ്സി പ്രവിശ്യയിലുള്ള താല്‍ക്കാലിക മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post