അയര്‍ലന്‍ഡ്: ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ പരേതന് കല്ലറയ്ക്കുള്ളില്‍ നിന്നും നിലവിളിച്ചാല്‍ എന്ത് ചെയ്യും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അയര്‍ലന്‍ഡിലെ കില്‍കെന്നിയില്‍ ഒരു ശവസ്കാര ചടങ്ങ് നടക്കുന്നതിനിടെയാണ് ബന്ധുക്കളും നാട്ടുകാരുമെല്ലാം പരേതന്റെ ശബ്ദം കേട്ട് ഞെട്ടി വിറച്ചത്. 62കാരനായ മുന്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ഷായ് ബ്രാഡ്ലെയുടെ ശവസംസ്കാര ചടങ്ങായിരുന്നു നടക്കുന്നത്. മൃതദേഹം പെട്ടിയിലാക്കി ശുശ്രൂഷകളൊക്കെ കഴിഞ്ഞ് കുഴിമാടത്തിലേക്ക് ഇറക്കിയതായിരുന്നു. പെട്ടെന്നാണ് ശവപ്പെട്ടിക്കുള്ളില്‍ നിന്ന് തട്ടുന്ന ശബ്ദവും അലര്‍ച്ചയും കേട്ടത്.
‘എന്നെ തുറന്നുവിടൂ… ഇവിടെ മുഴുവന്‍ ഇരുട്ടാണ്’ എന്നായിരുന്നു ശവപ്പെട്ടിക്കകത്തു നിന്ന് കേട്ടത്. ബ്രാഡ്ലെയുടെ ശബ്ദമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കളും നാട്ടുകാരുമെല്ലാം ഞെട്ടി. ‘പുരോഹിതന്റെ ശബ്ദമാണോ ഞാന്‍ കേള്‍ക്കുന്നത്. ഞാന്‍ ഈ പെട്ടിയില്‍ കുടുങ്ങി’യെന്നും ബ്രാഡ്ലെ വിളിച്ചു പറഞ്ഞു. എല്ലാവരും ഇത് കേട്ട് ഭയന്ന് നില്ക്കുമ്പോള് ബ്രാഡ്ലെ തുടര്‍ന്നു. ‘പ്രിയപ്പെട്ടവരെ. ഞാന്‍ എല്ലാവരോടും ഗുഡ് ബൈ പറയാനായാണ് വിളിച്ചത്’. ഒടുവില്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലായതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
തന്റെ അന്ത്യയാത്രയില്‍ ആരും കരയരുതെന്നും ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കണമെന്നും ആഗ്രഹിച്ചാണ് ബ്രാഡ്ലെ ഇങ്ങനെ ചെയ്തത്. ബ്രാഡ്ലെ തന്റെ ശബ്ദം മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത് വെച്ചതായിരുന്നു. മൂന്നുവര്‍ഷമായി ബ്രാഡ്ലെ രോഗബാധിതനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ശവസംസ്കാരത്തിനെത്തുന്നവരെ എങ്ങനെ ഞെട്ടിക്കാമെന്ന് ആലോചിക്കുകയായിരുന്നുവെന്നും പിതാവും തന്റെ സഹോദരനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹത്തിന്റെ മകള്‍ ആന്‍ഡ്രിയ പറഞ്ഞു. ബ്രാഡ്ലെയുടെ ശവസംസ്കാരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.
Discussion about this post